സ്വപ്‌ന പദ്ധതി യാഥാർഥ്യമാകുന്നു കോഴിക്കോട് – വയനാട് തുരങ്ക പാത നിർമാണം മാർച്ചിൽ തുടങ്ങും

കോഴിക്കോട് – വയനാട് തുരങ്ക പാത നിർമാണം അടുത്ത വർഷം മാർച്ചിൽ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എം.എൽഎ ലിന്റോ ജോസഫ്. പ്രാഥമിക ഘട്ട ടെൻഡർ നടപടികൾ പൂർത്തിയായി. പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന പ്രദേശവാസികൾക്ക് ഉയർന്ന നഷ്ട പരിഹാരം നൽകുമെന്നും എം.എൽ.എ പറഞ്ഞു. ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമിക്കുന്നത്.

 

2020 ൽ പദ്ധതി പ്രഖ്യാപനം നടത്തിയ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയാണ് യാഥാർത്ഥ്യമാകുന്നത്. വയനാട്ടിലേക്ക് താമരശ്ശേരി ചുരം റോഡിന് ബദലായി നിർമിക്കുന്ന തുരങ്ക പാതക്കായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെയടക്കം പ്രാഥമിക അനുമതി ലഭിച്ചു. സർക്കാർ ഏജൻസിയായ കിറ്റ് കോ നടത്തിയ സാമൂഹ്യാഘാത പഠന റിപോർടനുസരിച്ച് പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുമായി വയനാട്, കോഴിക്കോട് ജില്ലാ ഭരണകൂടം ചർച്ച നടത്തി. അടുത്തവർഷം മാർച്ചിൽ പദ്ധതിയുടെ നിർമാണം ആരംഭിക്കാനാകുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു.

 

കോഴിക്കോട് ജില്ലയിൽ ആനക്കാംപൊയിൽ ഭാഗത്ത് രണ്ട് പാലങ്ങൾ നിർമിക്കും, പാലങ്ങളിലേക്ക് നാല് വരിപാതയിൽ അപ്രോച്ച് റോഡും നിർമിക്കും, മൊത്തം ഏഴ് കിലോമീറ്ററിലധികം ദൂരത്തിലാണ് തുരങ്കപാത നിർമിക്കുന്നത്. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം 17.ഹെക്‌ടറിലേറെ ഭൂമിയിൽ മരം വച്ചുപിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്‌ത്‌ വിവരങ്ങൾ സമർപ്പിക്കണമെന്നുമക്കമുള്ള നിർദേശങ്ങളാണ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നൽകിയിരിക്കുന്നത്. വയനാട് ജില്ലയിലാണ് ഈ നിർദേശം നടപ്പാക്കുന്നതിനായി ഭൂമി കണ്ടെത്തിയിരിക്കുന്നത്. കിഫ്ബിയിൽനിന്ന് 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമിക്കുന്നത്. കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് നിർമാണച്ചുമതല.

Comments are closed.