പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ

നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ പ്രധാനിയാണ് പഞ്ഞി മിഠായി. പഞ്ഞി മിഠായി ഇല്ലാതെന്ത് ഉത്സവപ്പറമ്പ്, പള്ളിപ്പെരുന്നാള്, ബീച്ച്. മദാമ്മ പൂഡ, സായിപ്പ് പൂഡ..ഇങ്ങനെ പേരുകൾ പലതരം… ട്രാൻസ്പേരന്റ് കവറിൽ കടുത്ത പിങ്ക് വർണത്തിൽ, എവിടെ നിന്ന് നോക്കിയാലും തെളിഞ്ഞ് കാണാൻ തക്ക എടുപ്പോടെ നിൽക്കുന്ന പഞ്ഞി മിഠായി കാണാൻ തന്നെ അഴകാണ്. ഇപ്പോഴും കുഞ്ഞുങ്ങളുടെ ഇഷ്‌ട മധുരം തന്നെയാണ് പഞ്ഞി മിഠായി. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾ കഴിക്കുന്നത് കൊടിയ വിഷമാണെന്നതിനെ കുറിച്ച് എത്ര പേർ ബോധാവാന്മാരാണ് ? ഇന്നലെ തമിഴ്‌നാട്ടിൽ പഞ്ഞിമിട്ടായിയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയതോടെയാണ് പഞ്ഞി മിഠായിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലനെ കുറിച്ച് അറിയുന്നത്.പഞ്ഞിമിഠായിയിൽ ചേർക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിൻ ബി എന്ന രാസവസ്തുവാണ് ക്യാൻസറുണ്ടാകാൻ കാരണമാകുന്നത്. റോഡമിൻ ബി ഭക്ഷണണത്തിൽ ഉൾപ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചിൽ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിഠായികൾ പിടിച്ചെടുത്തത്.

Comments are closed.