പാർലമെൻറ് സുരക്ഷാ വീഴ്ച അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ് ലളിത് ഝാക്ക് തൃണമൂൽ ബന്ധമെന്ന് ബി.ജെ.പി

പാർലമെന്റ് ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. മുഖ്യസൂത്രധാരൻ ലളിത് ലളിത് ഝാക്ക് തൃണമൂൽ ബന്ധമെന്ന് ബംഗാൾ ബി.ജെ.പി ആരോപിച്ചു.

 

പാർലമെന്റ് സുരക്ഷ വീഴ്ചയിൽ കീഴടങ്ങിയ മുഖ്യ സൂത്രധാരൻ ലളിത് ഝായിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ലളിത് ത്സായെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, സംഭവത്തിന് പിന്നാലെ ഇയാൾക്ക് മറ്റ് സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതിഷേധത്തിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന് പൊലീസ് പറയുന്ന കേസിൽ സാമ്പത്തിക ഇടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ട്.

 

കസ്റ്റഡിയിൽ ലഭിച്ച സാഗർ ശർമ്മ, മനോരഞ്ജൻ, അമോൽ ഷിൻഡെ, നീലം എന്നിവരെയും അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികൾ താമസിച്ച് ഗൂഡാലോചന നടത്തിയ ഗുരുഗ്രാമിലെ വീടിൻ്റെ ഉടമ വിക്കി ശർമ്മയും ഭാര്യയും പൊലീസ് ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു.അതേസമയം ലളിത് ഝാക്ക് തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.തൃണമൂൽ നേതാവ് തപസ് റോയിയുമായുള്ള ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ആരോപണം.

Comments are closed.