കോഴിക്കോട്: മൂന്നു സീറ്റ് വിഷയത്തിൽകോൺഗ്രസുമായി നടന്ന ചർച്ച തൃപ്തികരമെന്ന് മുസ്ലീം ലീഗ്. 27 ന് യോഗ തീരുമാനങ്ങളെ സംബന്ധിച്ച് പാർട്ടി വിലയിരുത്തിയ ശേഷം കൂടുതൽ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാമെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.ചർച്ച പോസിറ്റീവാണ്. ചർച്ചയുടെ ഡീറ്റെയിൽസ് പലതുമുണ്ട്. അതു ലീഗ് നേതൃയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്”, അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റിൽ ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന്, അതിന്റെ ഉത്തരത്തിന് 27 -ാം തീയതി വരെ കാത്തിരിക്കേണ്ടി വരും എന്നായിരുന്നു മറുപടി. അഭ്യൂഹങ്ങൾ വേണ്ട, രണ്ടു ദിവസം കാത്തിരിക്കൂ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കൊച്ചി ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കോൺഗ്രസും ലീഗും തമ്മിൽ മൂന്നാം സീറ്റ് വിഷയത്തിൽ ചർച്ച നടന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, കെപിഎ മജീദ്, ഡോ. എം.കെ. മുനീർ തുടങ്ങിയവർ ലീഗിനു വേണ്ടി ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസിനായി കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയവരും പങ്കെടുത്തു.ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിൽ മത്സരിക്കുന്ന രണ്ട് സീറ്റിനു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. ഇതിനു പകരം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിനു നൽകാമെന്ന വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.
Comments are closed.