ഗസ്സയിൽ മരണസംഖ്യ 25,000 കടന്നു 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 ഫലസ്തീനികൾ

107 ദിവസമായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 178 ഫലസ്ത‌ീനികളാണ് കൊല്ലപ്പെട്ടത്. 300 പേർക്ക് പരിക്കേറ്റതായും ഫലസ്ത‌ീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ഇതുവരെ 1,139 പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ 369 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇതുവരെ 62,681 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 8,663 പേർ കുട്ടികളാണ്. വെസ്റ്റ് ബാങ്കിൽ 4,000 പേർക്കാണ് പരിക്കേറ്റത്.

ഗസ്സയിൽ 360,000ൽ അധികം വീടുകൾ തകർക്കപ്പെടുകയോ താമസയോഗ്യമല്ലാതാവുകയോ ചെയ്‌തിട്ടുണ്ട്. 378 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേടുപാടുണ്ടായി. 221 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആകെയുള്ള 2.3 ദശലക്ഷം ജനങ്ങളിൽ 1.7 ദശലക്ഷം ആളുകളും താമസിക്കുന്നത് അഭയാർഥി ക്യാമ്പുകളിലാണെന്നും കണക്കുകൾ പറയുന്നു.
ഖാൻ യൂനിസിന്റെ തെക്കൻ മേഖലയിലാണ് ഇപ്പോൾ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നത്. നാസർ ഹോസ്പിറ്റലിനെ കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇസ്രായേൽ സൈന്യം ഈ മേഖലയിൽ കനത്ത ബോംബാക്രമണവും നടത്തുന്നുണ്ട്. ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിൽ കയറിനിൽക്കുന്ന ഇസ്രായേലി സൈനികർ തെരുവിൽ കാണുന്നവരെയെല്ലാം വെടിവച്ചുകൊലപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളാണ് ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കന്നത്. അതിനിടെ വടക്കൻ ഗസ്സയിൽ ഒരു കാറിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Comments are closed.