മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിനോട് യോജിപ്പില്ല; പ്രതിഷേധക്കാരെ തള്ളി ഇന്ദിരയുടെ സഹോദരൻ

കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് മരിച്ച ഇന്ദിരയുടെ സഹോദരൻ. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും സഹോദരൻ സുരേഷ് പറഞ്ഞു.പ്രതിഷേധമൊക്കെ വേണ്ടതാണ്. പക്ഷേ അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ല. മൃതദേഹം ബലമായി മോർച്ചറിയിൽ നിന്ന് കൊണ്ടുവന്നതിനോടും യോജിപ്പില്ല. നമ്മുടെ ബന്ധുക്കളാരെങ്കിലും മരിച്ചാൽ അതിൻ്റെ വിഷമം കാണുമല്ലോ. അതിനിടയിൽ ഇവരിങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.പോലീസുകാർ അവരുടെ ജോലിയാണ് ചെയ്തത്. പ്രതിഷേധക്കാർ മൃതദേഹത്തോട് അനാദരവ് കാണിച്ചു. മൃതദേഹം അഞ്ചാറ് മണിക്കൂർ വെച്ചു. അതിനോടൊന്നും യോജിപ്പില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം വെച്ചുകൊണ്ടുള്ള പ്രതിഷേധം.

Comments are closed.