സിദ്ധാർഥന്റെ മരണം രണ്ടുപേർ കൂടി കസ്റ്റഡിയിൽ ഇരവിപുരം സ്വദേശിയായ അൽത്താഫ് കൊല്ലത്തെ ബന്ധുവീട്ടിൽ പിടിയിലായപ്പോൾ കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങി
കൊല്ലം: പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. എ. അൽത്താഫ്, കാശിനാഥൻ എന്നിവരാണു പൊലീസ് പിടിയിലായത്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു.
ഇരവിപുരം സ്വദേശിയായ അൽത്താഫിനെ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.
കേസിൽ സിൻജോ, കാശിനാഥൻ എന്നിവർക്കു പുറമെ സൗദ് റിസാൽ, അജയ്കുമാർ എന്നിവർക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവത്തിൽ ഏഴുപേർ ഒളിവിൽ തുടരുകയാണ്. എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായിട്ടുണ്ട്. ഒരാൾ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
Comments are closed.