ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാതത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരെ നൽകിയ ഹർജികളിലാണ് കോടതി വിധി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.
പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമായാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏത് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുൻ സുപ്രീം കോടതി വിധി അസാധുവാണെന്നും കോടതി വ്യക്തമാക്കി.

പ്രതികൾ നേരത്തെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർഥ വിവരങ്ങൾ മറച്ചുവെച്ചാണ് വിധി നേടിയത്. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തീരുമാനമല്ല ഗുജറാത്ത് സർക്കാരിൽ നിന്നുണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവിറക്കിയതെന്നും കോടതി പറഞ്ഞു

Comments are closed.