ലെബനാനിൽ ഇസ്രായേൽ ആക്രമണം ഹമാസ് നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടു

ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ അരൂരിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ലയുടെ അൽ-മനാർ ടെലിവിഷൻ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു.

ഹാദി നസ്‌റല്ല ഹൈവേക്ക് സമീപം ജംഗ്ഷനോട് ചേർന്നാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ പ്രദേശത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിലായിരുന്നു ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സാലിഹ് അൽ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ നേതാവാണ്. ഇസ്രായേൽ ജയിലുകളിൽ നിരവധി തവണ തടവ് അനുഭവിച്ച ഇദ്ദേഹം 2010ലാണ് ജയിൽ മോചിതനായത്.

പിന്നീട് തുർക്കിയിലേക്കും അവിടെനിന്ന് സിറിയയിലേക്കും താമസം മാറ്റി. തുടർന്നാണ് ലെബനാനിലെത്തുന്നത്. ഇവിടെനിന്നായിരുന്നു അദ്ദേഹം വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇറാനുമായും ലെബനാനിലെ ഹിസ്ബുല്ലയുമായും ഏറ്റവും അടുത്ത ബന്ധമുള്ള ഹമാസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

Comments are closed.