ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിട്ടൻ തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിന് ഇസ്രായേലിനോട് വിശദീകരണം തേടി യു.എസ്
ഗസ്സയിൽ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ, അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടൻ ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ രംഗത്ത്. യുദ്ധത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിനും തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക. 7 സൈനികരെ ഇന്നലെ ഹമാസ് വധിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു. യു.എൻ പൊതുസഭ ഇന്ന് വിഷയം ചർച്ച ചെയ്യും. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നാളെ ഇസ്രായേലിലെത്തും.
ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരതകൾ തുടരുകയാണ്.. സിവിലിയൻ മരണം പതിനെണ്ണായിരവും പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടക്കുകയും ചെയ്തിട്ടും കുലുക്കമില്ലാതെ ഗസ്സയിലുടനീളം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഖാൻ യൂനുസ്, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെയും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. ഓഫീസർമാർ ഉൾപ്പെടെ 7 സൈനികരെ ഹമാസ് വധിച്ചതായി ഇസ്രായേൽ സേന. ഇന്നലെ മാത്രം പരിക്കേറ്റ 27 സൈനികരെ എത്തിച്ചതായി ഇസ്രായേലിലെ സൊറാക്ക ആശുപത്രി അധികൃതർ.
ഇവരിൽ 5 പേരുടെ നില ഗുരുതരമാണ്. രഹസ്യാന്വേഷണ നീക്കത്തിലൂടെ ഹമാസ് നേതാക്കളിലേക്ക് എത്തിച്ചേരുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന കൊടും ക്രൂരതക്കെതിരെ ലോകവ്യാപക സമ്മർദം ശക്തതമായതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ബ്രിട്ടനും ജർമനിയും നിലപാട് കൂടുതൽ കടുപ്പിച്ചു. ഗസ്സയിൽ തുടരുന്ന ബോംബിങ് പൂർണമായും അസ്വീകാര്യമാണെന്നും ഗുരുതര മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷിയാകുന്നതെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി. സ്ഥിതഗതികൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന് ജർമാൻ ചാൻസലർ. തങ്ങളുടെ ചെലവിൽ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാൻ നോക്കേണ്ടതില്ലെന്നാണ് ജോർദാന്റെ നിലപാട്.
ലബനാനിലും ഗസ്സയുടെ ചില ഭാഗങ്ങളിലും ഇസ്രായൽ വൈറ്റ് ഫോസറസ് ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ പെൻറഗൺ, യുദ്ധേവേളയിൽ തങ്ങൾ ഇത് ഇസ്രായേലിന് കൈമാറിയിട്ടില്ലെന്നും അറിയിച്ചു. ഫലസ്തീൻ തടവുകാരെ അടിവസ്ത്രം ധരിപ്പിച്ച് ഫോട്ടോ പ്രസിദ്ധീകരിച്ചതിന് ഇസ്രായേലിനോട് വിശദീകരണം ചോദിച്ചതായും അമേരിക്ക അറിയിച്ചു.
Comments are closed.