ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താൻ ചർച്ചകൾ രാജസ്ഥാനിലും ചത്തീസ്‌ഗഡിലും പുതുമുഖങ്ങൾക്ക് സാധ്യത

ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തുടരാനാണ് സാധ്യത . രാജസ്ഥാനിലും ചത്തീസ്ഗഡിലും മുഖ്യമന്ത്രി പദവിയിലേക്ക് പുതുമുഖങ്ങളെ കണ്ടെത്താനാണ് നീക്കം.

വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും പ്രവർത്തിച്ചത് മോദി പ്രഭാവം ആയതിനാൽ സംസ്ഥാന നേതാക്കൾക്ക് വിജയത്തിന്റെ പൂർണ അവകാശ വാദം ഉന്നയിക്കാൻ കഴിയില്ല. തുടർഭരണത്തിലേക്ക് നയിച്ച മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബി.ജെ.പിയുടെ കീഴ്വഴക്കം . ഈ സാധ്യതയാണ് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ പേര് ഉയർന്നു കേൾക്കാൻ കാരണം. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും രണ്ടു സഹമന്ത്രിമാരും അടക്കം അടക്കം 7 എംപിമാർ മധ്യപ്രദേശിൽ മത്സരിച്ചിരുന്നു . ദേശീയ ജനറൽ സെക്രട്ടറിയും ഇൻഡോർ നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്‌ത കൈലാഷ് വിജയ വർഗീയയും മുഖ്യമന്ത്രി പദവിയിലേക്ക് അവകാശവാദം ഉന്നയിച്ചു.

Comments are closed.